തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം തടസപ്പെട്ടു. ഇപോസ് മെഷീൻ സർവ്വർ തകരാറിലായതിനെ തുടർന്നാണ് വിതരണം മുടങ്ങിയത്. രാവിലെ എട്ട് മുതൽ കടകൾ തുറന്നെങ്കിലും ഇപോസ് മെഷീൻ തകരാറിലാകുകയായിരുന്നു. എന്നത്തേയും പോലെ തന്നെ സെർവർ തകരാറിലാണെന്ന് ഐടി സെല്ലിൽ നിന്നും അറിയിപ്പ് ലഭിച്ചു. പ്രശ്‌നം ഉടനടി പരിഹരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം അവസാനവും ഇത്തരത്തിൽ മെഷീൻ തകരാറിലായി വിതരണം തടസപ്പെട്ടിരുന്നു. റേഷൻ വാങ്ങാൻ സാധിക്കാത്തവർക്കായി ഒക്ടോബറിലെ റേഷൻ വാങ്ങുന്നതിനുള്ള സമയം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. മാസാവസാനം സെർവർ തകരാറിൽ ആകാറുണ്ടായിരുന്നുവെങ്കിലും മാസത്തിന്റെ തുടക്കം തന്നെ ഇത്തരത്തിൽ സംഭവിച്ചത് ആദ്യമാണ്.















