കോഴിക്കോട്: കേരളത്തിൽ പുതിയ ഒരു ദേശാടനപ്പക്ഷിയെ കൂടി കണ്ടെത്തി. കാക്കൂരിന് സമീപം പൊൻകുന്ന് മലയിലാണ് പുതിയ ദേശാടനപ്പക്ഷിയെ പക്ഷി നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ജപ്പാൻ, മംഗോളിയ, ചൈന, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വൈറ്റ് ത്രോട്ടഡ് നീഡിൽടെയ്ൽ എന്ന ദേശാടനപ്പക്ഷിയെയാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷി നിരീക്ഷകരായ ടികെ സനുരാജ്, എൻ യദുപ്രസാദ് എന്നിവരാണ് ഈ അപൂർവ്വയിനം പക്ഷിയുടെ ചിത്രം പകർത്തിയത്.
മുതിർന്ന പക്ഷി നിരീക്ഷകരായ സത്യൻ മേപ്പയ്യൂർ അടങ്ങുന്ന സംഘമാണ് ശരപ്പക്ഷിയെ തിരിച്ചറിഞ്ഞത്. പക്ഷി നിരീക്ഷക കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് ഇതിന് ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി എന്ന് പേരിട്ടു. ഹിരുണ്ടാപ്പസ് കോഡിക്യൂട്ടസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം. ഇതോടെ കേരളത്തിൽ കണ്ടെത്തിയിരിക്കുന്ന പക്ഷികളുടെ എണ്ണം 554-ആയി ഉയർന്നു.
ദക്ഷിണേന്ത്യയിൽ ഇതാദ്യമാണ് ശരപ്പക്ഷിയിനത്തിലെ ദേശാടനപ്പക്ഷിയെ കണ്ടെത്തുന്നത്. സാധാരണയായി പക്ഷികളുടെ ദേശാടന പാതയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. കേരളത്തിലെ വലിയ മുൾവാലൻ ശരപ്പക്ഷിയുമായി സാദൃശ്യമുണ്ടെങ്കിലും താടിയിലും തൊണ്ടയിലും മേൽക്കഴുത്തിലുമുള്ള വെള്ളനിറവും കൊക്കിനും കണ്ണിനും അടിയിലുള്ള ഇരുണ്ട നിറവും ശ്വേതകണ്ഠനെ വ്യത്യസ്തനാക്കുന്നു. ശരവേഗത്തിൽ പറന്നകലാൻ സാധിക്കുന്ന ഇവയ്‌ക്ക് പറന്നുകൊണ്ട് ഇരയെ കണ്ടെത്താനുള്ള കഴിവുമുണ്ട്.















