ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തുന്ന ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം നീട്ടിവച്ചു. ഇന്ന് രാവിലെ പെയ്ത മഴയിൽ നഗരത്തിലെ വായുഗുണനിലവാരം 450-ൽ നിന്നും 300 ആയി കുറഞ്ഞതിലാണ് വാഹന നിയന്ത്രണം നീട്ടിയതെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽറായ് അറിയിച്ചു.
വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാഹനനിയന്ത്രണം നടപ്പിലാക്കുന്നതുകൊണ്ട് ചെറിയ മാറ്റം മാത്രമാണ് വായു ഗുണനിലവാരത്തിൽ കൊണ്ട് വരാൻ സാധിക്കൂവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്നും അതിനാൽ ഇതുനിർത്തലാക്കുക മാത്രമാണ് വായുഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള ഫലപ്രദമായ പോംവഴിയെന്നും കോടതി അഭിപ്രായപ്പെട്ടു.
ഒറ്റ, ഇരട്ട വാഹന നിയന്ത്രണം സ്വകാര്യ വാഹനങ്ങളെയാണ് ബാധിക്കുന്നത്. വാഹനത്തിന്റെ നമ്പർ അവസാനിക്കുന്നത് ഒറ്റ സംഖ്യയിൽ ആണെങ്കിൽ ആ വാഹനങ്ങൾ ഒറ്റ സംഖ്യ വരുന്ന തീയതികളിലും ഇരട്ടസംഖ്യയാണെങ്കിൽ അവ ഇരട്ടസംഖ്യ വരുന്ന തീയതികളിലും മാത്രമെ പുറത്തിറക്കാവൂ. ഇതുവഴി വായു ഗുണനിലവാരം മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് ഡൽഹി സർക്കാരിന്റെ അവകാശവാദം.















