ബ്രിസ്റ്റൾ: യുകെയിലെ ഹിന്ദു മലയാളികളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ(ഓം യുകെ) വർഷാവർഷം നടത്തിവരുന്ന കുടുംബ ശിബിരം ബ്രിസ്റ്റളിനടുത്ത് ഡിവൈസസിൽ വച്ച് നടന്നു. ഒക്ടോബർ 28-29 തീയതികളിലായിരുന്നു ശിബിരം നടന്നത്. സ്കോട്ലൻഡ് മുതൽ കോൺവാൾ വരെ യുകെയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ഇരുന്നൂറോളം മലയാളികൾ ശിബിരത്തിൽ പങ്കെടുത്തു. ഗുരു നാരായണ ശിബിരം എന്നതായിരുന്നു ഈ വർഷത്തെ ശിബിരത്തിന്റെ നാമം. ശ്രീ നാരായണ ഗുരുദേവന്റെ ജീവിതത്തെയും ദർശനങ്ങളെയും കുറിച്ച് ആഴത്തിൽ അറിവുണ്ടാക്കുവാൻ ഉതകുന്ന വിധം ആയിരുന്നു ശിബിരത്തിലെ കാര്യപരിപാടികൾ. രണ്ടു ദിവസം നീണ്ടുനിന്ന ഓം യുകെ കുടുംബസംഗമവും ശിബിരത്തോടൊപ്പം നടന്നു.
ഭാരതത്തിന്റെ അദ്ധ്യാത്മികവും സാമൂഹ്യവുമായ ചരിത്രത്തിൽ ഗുരുദേവനെ പോലെ ഗരിമയുള്ള വ്യക്തിത്വങ്ങൾ വളരെ ചുരുക്കമാണ്. പക്ഷേ സാക്ഷാൽ പരദൈവമായ അവതാര പുരുഷന്റെ ജീവിതത്തെപ്പറ്റിയും സന്ദേശങ്ങളെ പറ്റിയും പൂർണ്ണമായ അറിവ് മലയാളികളായവർക്ക് പോലുമില്ല എന്നത് സങ്കടകരമാണ്. അതുകൊണ്ടാണ് ഈ വർഷത്തെ ഓം യുകെ ശിബിര വിഷയം ശ്രീനാരായണഗുരുദേവന്റെ ജീവിതവും ദർശനങ്ങളും എന്ന് തീരുമാനിച്ചതെന്ന് ശിബിര കാര്യവാഹ് സുഭാഷ് ശശിധരൻ പറഞ്ഞു. കളികളിലൂടെയും ചർച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗുരുദേവ ദർശനത്തെപ്പറ്റി അംഗങ്ങൾക്ക് ആഴത്തിൽ അറിവുണ്ടാക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.
യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഡോക്ടർ സച്ചിൻ നന്ദയാണ് ‘ധർമ്മം – വ്യക്തി – സംഘടന‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയത്. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ഗുരുദേവന്റെ പ്രധാന കൃതികളും അടങ്ങിയ കൈപ്പുസ്തകവും ശിബിരത്തിൽ പങ്കെടുത്തവർക്കെല്ലാം സംഘാടകർ നൽകി. യുകെയിൽ താമസിക്കുന്ന മലയാളികളായ ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഓം യു കെ. 2016-ൽ സമാനമനസ്കരുടെ ചെറിയ വാട്സ്ആപ്പ് ഗ്രൂപ്പായാണ് ഓം യുകെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ഏഴ് കൊല്ലത്തോളമായി യുകെയുടെ എല്ലാ ഭാഗങ്ങളിലും ഓം യുകെ സജീവമായി പ്രവർത്തന രംഗത്തുണ്ട്.















