മുതിർന്ന പൗരന്മാർക്കുള്ള ലഘു നിക്ഷേപ പദ്ധതിയിൽ (SCSS) ചേരാൻ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ച ശേഷം മൂന്ന് മാസം വരെ സമയം ഇനി ലഭിക്കും. നിലവിൽ ഒരു മാസം മാത്രമാണ് സമയം. ഇതിനായി കേന്ദ്രം ചട്ടം ഭേദഗതി ചെയ്തു. 60 വയസ് കഴിഞ്ഞവർക്കാണ് സാധാരണഗതിയിൽ ഈ പദ്ധതിയിൽ ചേരാൻ കഴിയുക. എന്നാൽ 55-നും 60-നും ഇടയിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് റിട്ടയർമെന്റ് ആനുകൂല്യം ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പദ്ധതിയിൽ നിക്ഷേപിക്കാം. 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിലവിൽ നിക്ഷേപിക്കം. അഞ്ച് വർഷത്തേക്ക് 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഓരോ മൂന്ന് മാസത്തിലും 60,000 രൂപ പലിശയായി ലഭിക്കും.
പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ (PPF) പിൻവലിക്കൽ വ്യവസ്ഥയിലും മാറ്റം വരുത്തി. നിലവിൽ അഞ്ച് വർഷ നിക്ഷേപം നാല് വർഷത്തിന് ശേഷം പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശയാകും ബാധകമാകുക. എന്നാൽ ഭേദഗതി അനുസരിച്ച്, നാല് വർഷം കഴിഞ്ഞ് ക്ലോസ് ചെയ്താൽ മൂന്ന് വർഷ ടേം ഡെപ്പോസിറ്റ് അക്കൗണ്ടിന്റെ പലിശയാകും ബാധകമാകുക. നിലവിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് പലിശ നാല് ശതമാനവും മൂന്ന് വർഷ ടേം ഡിപ്പോസിറ്റ് പലിശ ഏഴ് ശതമാനവുമാണ്.















