കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടത്തിന്റെ ആദ്യ ഘട്ടം ഡിസംബറിൽ തുറക്കും. വളവുകൾ നിവർത്തി കായംകുളം-കോട്ടയം-എറണാകുളം പാതയിൽ വേഗത മണിക്കൂറിൽ 110 കിലോമീറ്ററായി വർദ്ധിപ്പിക്കുന്നതിനുള്ള നീക്കം അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
രണ്ട് എസ്‌കലേറ്ററുകൾ, ടിക്കറ്റ് കൗണ്ടറുകൾ എന്നിവ ഉൾപ്പെടെ രണ്ടാം കവാടം മാർച്ചിന് മുമ്പ് പ്രവർത്തനം ആരംഭിക്കും. എല്ലാ പ്ലാറ്റ്‌ഫോമിനെയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർബ്രിഡ്ജും മാർച്ചിന് മുമ്പ് പൂർത്തിയാകുമെന്നും റെയിൽവേ അറിയിച്ചു.റെയിൽവേ സ്റ്റേഷനെയും റബർ ബോർഡ് ഓഫീസിനെയും ബന്ധിപ്പിക്കുന്ന മദർ തെരേസ റോഡിന്റെ പുനർ നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കും.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ചോർച്ച ഇല്ലാതാക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും. പ്ലാറ്റ്‌ഫോമുകൾക്ക് പൂർണമായും മേൽക്കുര സജ്ജമാകും. കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷനിൽ എറണാകുളം ഭാഗത്തെ ലൈനിൽ പ്ലാറ്റ്‌ഫോം ഉയർത്തും. രണ്ട് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് ഫൂട്ട് ഓവർബ്രിഡ്ജും ഷെൽട്ടറും നിർമ്മിക്കുമെന്ന് റെയിൽ വ്യക്തമാക്കി. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കൂടുതൽ പാർക്കിംഗ് സൗകര്യം സജ്ജമാക്കും. തീർത്ഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഉറപ്പുവരുത്തുകയും ഇരുമുടി കെട്ടുകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കകയും ചെയ്യും.















