കോട്ടയം: വൈക്കത്ത് സ്‌കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് മോട്ടോർവാഹന വകുപ്പ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വൈക്കം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് നടപടി.
ഉദയനാപുരം എഴുത്തുപറത്തുറയിൽ വിനോദ് പ്രസന്നന്റെ ലൈസൻസാണ് വൈക്കം ജോയിന്റ് ആർടിഒ നിഷ കെ മണി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 26-ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. ബസിൽ കയറിയ പൂത്തോട്ട കെപിഎംഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയോടാണ് വിനോദ് മോശമായി പെരുമാറിയത്.
വിദ്യാർത്ഥിനി വൈക്കം ആർടി ഓഫീസിലെത്തി പരാതി എഴുതി നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെജി ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിൽ ഇയാൾ സ്ഥിരമായി വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് കണ്ടെത്തി. ഇതേ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.















