തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കടമെടുക്കുന്നതിനെപ്പറ്റി പ്രതികരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടമെടുക്കുക എന്നത് തെറ്റായ കാര്യമല്ലെന്നും വികസിത രാജ്യങ്ങൾക്കുൾപ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്ക് കടമാണ്. കേരളം വലിയ കടക്കെണിയിലെന്ന വാദം ഉയർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും കടമെടുപ്പ് അവകാശം കേന്ദ്രം കുറയ്‌ക്കുന്നത് വിചിത്രമായ നടപടിയുമാണെന്നാണ് കെ.എൻ ബാലഗോപാലിന്റെ വാദം.
ജിഡിപിയുടെ 58 ശതമാനത്തോളം കടമുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ മാർച്ചുവരെ കേന്ദ്ര സർക്കാരിന്റെ ആകെ കടം 157 ലക്ഷം കോടിയാണ്. 2020– -21-ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 90 ശതമാനമാണ് സർക്കാരുകളുടെ കടമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 65 ശതമാനം കേന്ദ്ര സർക്കാർ കടമാണ്. കേന്ദ്ര സർക്കാർ പുറത്തുവിട്ട അവസാന കണക്കനുസരിച്ച് തമിഴ്‌നാടിന്റെ കടം 7.54 ലക്ഷം കോടിയാണ്. ഉത്തർപ്രദേശിന്റേത് 7.10 ലക്ഷം കോടിയും. മഹാരാഷ്‌ട്രയുടെ കടം 6.80 ലക്ഷം കോടിയും.
പശ്ചിമ ബംഗാളിന്റേത് 6.08 കോടിയും. രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം അഞ്ചുലക്ഷം കോടിക്കു മുകളിലാണ് കടം.
ഫെഡറൽ ധനവ്യവസ്ഥയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾ കേരളത്തെ വലിയ തോതിലാണ് ബുദ്ധിമുട്ടിക്കുന്നത്. പതിനഞ്ചാം ധന കമീഷൻ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ചെലവിന്റെ 62.4 ശതമാനം സംസ്ഥാനങ്ങളാണ് നിർവഹിക്കുന്നത്. കേന്ദ്രത്തിന്റെ ബാധ്യത 37.6 ശതമാനം മാത്രം. എന്നാൽ, രാജ്യത്തെ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കൈയാളുന്നു. സംസ്ഥാനങ്ങൾക്ക് 37.8 ശതമാനം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.















