ന്യൂഡൽഹി: ദീപാവലി സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ന്യൂഡൽഹിയിൽ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. തിന്മയ്‌ക്കെതിരെ പോരാടി നന്മ വിജയിച്ച് രാജ്യത്ത് വെളിച്ചം വീശിയ ദിനമാണെന്നും ദ്രൗപദി മുർമു പറഞ്ഞു.
” വിവിധ മതങ്ങളിലും വിശ്വാസങ്ങളിലുമുള്ള നിരവധി ആളുകളാണ് ദീപാവലി ഒരു ഉത്സവം പോലെ കൊണ്ടാടുന്നത്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ദീപാവലി. ദരിദ്രരെന്നോ പണക്കാരെന്നോ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേർത്തു പിടിച്ച് ഈ ഉത്സവം ആഘോഷമാക്കാം.”- രാഷ്‌ട്രപതി പറഞ്ഞു.
ഒരു വിളക്ക് എങ്ങനെയാണോ എല്ലാവരിലും പ്രകാശമെത്തിക്കുന്നത് അതുപോലെ രാജ്യത്തെ എല്ലാ ആളുകൾക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധ്യമാകട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു. പരിസ്ഥിതി സംരക്ഷണം മുന്നിൽ കണ്ട് ദീപാവലി ആഘോഷിക്കണമെന്നും സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണമെന്നും ഇതിനോടൊപ്പം ദ്രൗപദി മുർമു അറിയിച്ചു.















