ക്വാണ്ടാൻ ; ഇസ്ലാം മതം ഉപേക്ഷിക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളി മലേഷ്യൻ കോടതി . മലേഷ്യൻ നഗരമായ ക്വാണ്ടാൻ ഹൈക്കോടതിയാണ് ഒറാങ് അസ്‌ലി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട യുവതി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞത് . മാത്രമല്ല യുവതിയോട് വീണ്ടും ഇസ്ലാം മതം പിന്തുടരാനും കോടതി പറഞ്ഞു.
താൻ ഒറാങ് അസ്‌ലി ഗോത്ര വിഭാഗത്തിലെ ജകുൻ ഗോത്രത്തിൽ പെട്ടയാളാണെന്നും തനിക്ക് രണ്ട് വയസ്സുള്ളപ്പോൾ അമ്മ ഇസ്ലാം മതം സ്വീകരിച്ചതാണെന്നും യുവതി ഹർജിയിൽ പറയുന്നു.
ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന യുവതിയുടെ ഹർജി തള്ളിയ ക്വാണ്ടൻ ഹൈക്കോടതി ജഡ്ജി സൈനൽ അസ്മാൻ അബ് അസീസ്, സിവിൽ കോടതിയുടെ അധികാരപരിധിയിൽ പെടാത്ത വിഷയമാണിതെന്നും, ഇസ്ലാം മതം ഉപേക്ഷിക്കുകയാണ് ഹർജിയിലൂടെ യുവതിയുടെ ലക്ഷ്യമെന്നും പറഞ്ഞു.കേസിന്റെ വിഷയം ശരിയത്ത് കോടതിയുടെ പ്രത്യേക അധികാരപരിധിയിൽ ഉൾപ്പെടുന്നു’ എന്നും ജഡ്ജി സൈനൽ അസ്മാൻ അബ് അസീസ് പറഞ്ഞു . ഇസ്ലാം മതം സ്വീകരിച്ച മാതാവ് ഇസ്ലാമിക ജീവിതശൈലി അനുസരിച്ചാണ് യുവതിയെ വളർത്തിയതെന്നും കോടതി വിലയിരുത്തി
എന്നാൽ തന്റെ മാതാവ് ഇസ്ലാം സ്വീകരിക്കുമ്പോൾ തനിക്ക് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇസ്ലാം സ്വീകരിക്കാൻ താൻ കൽമ പോലും വായിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ഇസ്ലാം വിടാൻ അനുവദിക്കണമെന്നും യുവതി പറയുന്നു.