ഇംഗ്ലണ്ട്: ഭാരതം ഇന്ന് അതിവേഗം വളരുന്ന വലിയ സാമ്പത്തികശക്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയ്‌ക്ക് ഇന്ന് മികച്ച ഭരണമുണ്ട്, ഭരണകർത്താക്കളുണ്ട്, മികച്ച നേതൃത്വവും കാഴ്ചപാടുമുണ്ടെന്ന് ജയശങ്കർ പറഞ്ഞു. നാല് ദിവസത്തെ സന്ദർശനത്തിനായി യുകെയിലെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ ലോകരാജ്യങ്ങങ്ങളെ ഉൾപ്പെടുത്തി കൊണ്ട് ജി20 ഉച്ചകോടി വിജയകരമായി നടന്നു. രാജ്യം എല്ലാം തരത്തിലും മികവുറ്റതായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 24 മണിക്കൂറും രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് നമ്മുക്കെല്ലാവർക്കും അറിയാമെന്നും ജയശങ്കർ പറഞ്ഞു.
ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജയശങ്കർ യുകെയിലെത്തിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യൂറോപ്പിലെ ആദ്യത്തെ ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായൺ മന്ദിറിൽ അദ്ദേഹം ദർശനം നടത്തുകയും ദീപാവലി ആഘോഷിക്കുകയും ചെയ്തു. ദീപാവലി ദിനത്തിൽ ജനങ്ങളുടെ ഇടയിൽ നിന്ന് ആഘോഷിക്കുന്നതിനെക്കാൾ സന്തോഷം മറ്റൊന്നില്ലെന്ന് ജയശങ്കർ പറഞ്ഞു. നവംബർ 15 വരെയാണ് ജയശങ്കർ യുകെയിൽ സന്ദർശനം നടത്തുക.