ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ഓക്സിജവും ഭക്ഷണവും എത്തിച്ചു. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പ് വഴി ഓക്സിജനും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടെന്നും ഉത്തരകാശി സർക്കിൾ ഓഫീസർ പ്രശാന്ത് കുമാർ അറിയിച്ചു. കുടുങ്ങിയ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തുരങ്കം തുറക്കുന്നതിനും തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള പാത ഒരുക്കുന്നതിനുമായി ഇതുവരെ സ്ലാബിന്റെ 20 മീറ്ററോളം പൊളിച്ചു മാറ്റാൻ സാധിച്ചു. 35 മീറ്ററോളം ഇനിയും നീക്കാനുണ്ടെന്നും പ്രശാന്ത് കുമാർ കൂട്ടിച്ചേർത്തു.
എക്‌സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇന്നലെ രാവിലെയാണ് ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് തൊഴിലാളികൾ കുടുങ്ങിയത്. ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിൽ നിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് ഇത് നിർമ്മിക്കുന്നത്, ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റർ കുറയ്‌ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.















