ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ ബന്ധുവിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ബന്ധുവായ പ്രദീപിന്റെ ഗച്ചിബൗളിയിലെ വസതിയിലാണ് ഇന്ന് രാവിലെ മുതൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. നികുതി വെട്ടിപ്പ് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ സാമ്പത്തിക ഇടപാടുകളാണ് ഐടി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായ സബിത ഇന്ദ്ര റെഡ്ഡി ടിആർഎസ് സ്ഥാനാർത്ഥിയായി മഹേശ്വരം മണ്ഡലത്തിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. 2019-ലാണ് മുൻ ആഭ്യന്തര മന്ത്രിയായ സബിത റെഡ്ഡി കോൺഗ്രസ് വിട്ട് ടിആർഎസിൽ ചേർന്നത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ.റെഡ്ഡീസ് ലാബ്സിലെ ഉദ്യോഗസ്ഥനായ കോട്ല നരേന്ദ്ര റെഡ്ഡിയുടെ വസതി ഉൾപ്പെടെ ഹൈദരാബാദിലെ 15 സ്ഥലങ്ങളിലാണ് ഐടി റെയ്ഡ് നടക്കുന്നത്. നാഗുലപ്പള്ളി, പട്ടേൽഗുഡ, ഗച്ചിബൗളി എന്നിവിടങ്ങളിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഡയറക്ടർമാരുടെ വസതികളിലും നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.















