ഹൈദരാബാദ്: നവംബർ 30-നാണ് 119 നിയമസഭാ മണ്ഡലങ്ങളിലേക്കുളള തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങളാണ് ചർച്ചാ വിഷയം. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സ്വന്തുകൾ കണ്ട് ഞെട്ടിതരിച്ച് ഇരിക്കുകയാണ് ജനം. 600 കോടിവരെ ആസ്തിയുളള കോടീശ്വരൻമാരാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്.
തിരഞ്ഞെടുപ്പ് ഗോദയിലെ ഏറ്റവും വലിയ ധനികൻ ചെന്നൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജി വിവേകാനന്ദനാണ്. 600 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ് മൂലത്തിൽ നിന്ന് വ്യക്തമാകുന്നത്. ഭാര്യക്കും ഇയാൾക്കുമായി 377 കോടിയുടെ സ്വത്തുകളാണുളളത്. 1981 ൽ വിവേകാനന്ദൻ സ്ഥാപിച്ച വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. 41.5 കോടി രൂപയുടെ ബാധ്യതകളാണ് വിവേകാനന്ദനും ഭാര്യക്കുമുളളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇയാളുടെ വാർഷിക വരുമാനം 6.26 കോടി രൂപയും ഭാര്യയുടേത് 9.61 കോടി രൂപയുമായിരുന്നു.
പാലയർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പി.ശ്രീനിവാസ് റെഡ്ഡിയാണ് തൊട്ടുപിന്നിൽ, 460 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നവംബർ ഒമ്പതിന് ഖമ്മമിലെ റെഡ്ഡിയുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥി കെ.രാജ് ഗോപാൽ റെഡ്ഡിയുടെ വരുമാനം 36.6 ലക്ഷം രൂപയിൽ നിന്ന് 71.17 കോടി രൂപയായി ഉയർന്നിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി 459 കോടി രൂപയാണ്.
ബിആർഎസ് സ്ഥാനാർത്ഥി പൈല ശേഖർ റെഡ്ഡിയുടെ കുടുംബത്തിന് 83 കോടിയിലധികം ബാധ്യതകളും 227 കോടി രൂപയുടെ ആസ്തിയുമുണ്ടെന്നാണ് സ്ത്യാവാങ് മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് 59 കോടി രൂപയുടെ ആസ്തിയും 25 കോടിയുടെ ബാധ്യതയുമുണ്ട്. സത്യവാങ് മൂലത്തിൽ സ്വന്തമായി കാറില്ലെന്നും പറയുന്നുണ്ട്.















