മംഗളൂരു: ഉഡുപ്പിയിൽ ഗംഗോല്ലി നദിക്കരയിൽ ഉണ്ടായ തീപിടിത്തത്തിൽ മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. ഗംഗോല്ലി നദിക്കരയിൽ ഉണ്ടായിരുന്ന എട്ട് ബോട്ടുകൾക്കാണ് ഇന്ന് രാവിലെ തീപിടിച്ചത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യം ഒരു ബോട്ടിന് തീപിടിക്കുകയായിരുന്നു. പിന്നീടത് മറ്റ് ബോട്ടുകളിലേക്ക് പടർന്നു.
ഉടൻ തന്നെ കുന്ദാപൂരിൽ നിന്നും ബൈന്ദൂരിൽ നിന്നും എത്തിയ അഗ്നിശമന സേനയും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.















