കിളിമാനൂർ : ഇരുചക്ര വാഹനത്തിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കടത്തിയ ആളെ കിളിമാനൂർ പോലീസ് പിടികൂടി. ആറ്റിങ്ങൽ ആയിലം സ്വദേശി നാസറുദീൻ (50)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ എം.സി റോഡിൽ തട്ടത്തുമലയിൽ വച്ചായിരുന്നു സംഭവം.
അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ റോഡുവക്കിൽ നിറുത്തിയിട്ട് വിശ്രമിക്കുന്നതിനിടെ ചടയമംഗലത്ത് നിന്നും കിളിമാനൂരിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം കാറിന് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്നും മദ്യകുപ്പി റോഡിലേക്ക് വീണു. ഇതേ തുടർന്ന് കാർ യാത്രികർ പ്രതിയെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ 35 ലിറ്ററോളം മദ്യം പിടിച്ചെടുത്തത്. മൂന്ന് സഞ്ചികളിലായി ഒളിപ്പിച്ച 67 കുപ്പി മദ്യമാണ് കടത്തിയത്. പ്രതി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളും നിരവധി അബ്കാരി, മോഷണ കേസുകളിൽ പ്രതിയുമാണ്.















