തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കെത്തിയ രണ്ടാമത്തെ കപ്പൽ ഷെൻഹുവ-29നെ ബർത്തിലടുപ്പിക്കാൻ അനുമതി ലഭിച്ചില്ല. ചൈനയിൽ നിന്നെത്തിയ കപ്പലായതിനാൽ എമിഗ്രേഷൻ നടപടി വൈകുന്നതാണ് അനുമതി ലഭിക്കാത്തതിന് കാരണം.
കപ്പലിന് അനുമതിക്കായി സമർപ്പിച്ച രേഖകളിലെ പിഴവാകാം അനുമതി ലഭിക്കാൻ വൈകുന്നതെന്നാണ് തുറമുഖ അധികൃതർ പറയുന്നത്. ക്രെയിനുകളുമായി ഇനിയും കപ്പലുകൾ എത്താനുണ്ട്. കപ്പലുകളെ പുറംകടലിൽ കാത്തുനിർത്താതെ എമിഗ്രേഷൻ നടപടികൾ നേരത്തെ പൂർത്തിയാക്കണമെന്നാണ് തുറമുഖ അധികൃതരുടെ ആവശ്യം.
എന്നാൽ തുറമുഖ നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ ഇന്റർനാഷണൽ ഷിപ്പ് ആൻഡ് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്), ഇന്റർ ഗ്രേറ്റഡ് ചെക്ക്പോസ്റ്റ് (ഐ.സി.പി) തുടങ്ങിയവ ലഭ്യമായിട്ടില്ല. അതിനാൽ താത്കാലിക അനുമതിയാണ് ഇവിടെയെത്തുന്ന കപ്പലുകൾക്ക് നൽകുന്നത്.
അതേസമയം വിഴിഞ്ഞത്തേക്ക് ക്രെയിനുമായി എത്തിയ രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ-29. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വന്നത്. കഴിഞ്ഞമാസം ഒക്ടോബർ 24-നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.