കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും. എറണാകുളം പോക്സോ കോടതിയാണ് കേസിൽ വിധി പറയുക. രാവിലെ 11-ന് പോക്സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷാ വിധി ഉത്തരവ് പറയുക.
ജീവപരന്ത്യം തടവുശിക്ഷ കിട്ടാവുന്ന നാല് കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടുണ്ട്. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള മൂന്ന് പോക്സോ കുറ്റങ്ങളടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കൽ തുടങ്ങിയ 13 കുറ്റങ്ങളും കോടതി ശരിവെച്ചിരുന്നു.
12 വയസിൽ താഴെയുളള കുട്ടിയെ ബലാത്സംഗം ചെയ്യൽ, പോക്സോ നിയമത്തിൽപ്പെട്ട ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിന് ക്ഷതമേൽപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. ഈ നാല് കുറ്റങ്ങൾക്കും പ്രതിക്ക് വധശിക്ഷവരെ ലഭിക്കാവുന്നതാണ്. പ്രതിക്കെതിരെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനായി.















