കൊച്ചി: വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പ് വെച്ച ശേഷം പേന മാറ്റിവെച്ച് ജഡ്ജി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് പേന മാറ്റിവെച്ച് കോടതിമുറിയിൽ നിന്നിറങ്ങിയത്. ഇന്ന് കോടതി മറ്റ് കേസുകളും കേൾക്കില്ല.
വധശിക്ഷയിൽ ഒപ്പുവെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ഇതനുസരിച്ചാണ് കോടതിമുറിയിൽ നിന്ന് പേന മാറ്റിവച്ചത്. ചില ജഡ്ജിമാർ കോടതിമുറിയിൽ തന്നെ പേന കുത്തിയൊടിക്കുന്ന പതിവുമുണ്ട്.
ആലുവയിലെ അഞ്ചുവയസുകാരി കൊല്ലപ്പെട്ടിട്ട് 110-ാം ദിവസമാണ് അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. ജൂലൈ 28-നാണ് കേരളത്തെ ഞെട്ടിച്ച ആലുവ കൊലപാതകം നടക്കുന്നത്. കൊല നടന്ന് 35ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ വിചാരണ ഉടന്‍ തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി.
ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുറ്റകൃത്യം നടന്ന് 99ാം- ദിവസം കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് 110-ാം ദിവസമാണ് ചരിത്രവിധി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.















