ന്യൂഡൽഹി: ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രമുഖനായ സഹാറ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു. 75-ാം വയസിലാണ് അദ്ദേഹത്തിന്റെ വിയോഗം. 1948 ജൂൺ 10-ന് ബിഹാറിലെ അരാരിയയിൽ ജനിച്ച സുബ്രത റോയ്, ധനകാര്യം, റിയൽ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് കെട്ടിപ്പടുത്തത്.
ഗോരഖ്പൂരിലെ ഗവൺമെന്റ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ റോയ്, 1976-ൽ സഹാറ ഫിനാൻസ് ഏറ്റെടുക്കുകയായിരുന്നു. 1978-ൽ സഹാറ ഇന്ത്യ ഗ്രൂപ്പായി മാറിയ കമ്പനി പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയായിരുന്നു. തുടർന്ന് റോയിയുടെ നേതൃത്വത്തിൽ സഹാറ നിരവധി ബിസിനസുകളിലേക്ക് വ്യാപിച്ചു.
1992-ൽ രാഷ്‌ട്രീയ സഹാറ, ഹിന്ദി ദിനപത്രം ആരംഭിച്ചു. സഹാറ ടിവിയിലൂടെ ടെലിവിഷൻ രംഗത്തേക്കും പ്രവേശിച്ചു. ഇത് പിന്നീട് സഹാറ വൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1990-കളുടെ അവസാനത്തിൽ പൂനെയ്‌ക്ക് സമീപം ആംബി വാലി സിറ്റി പദ്ധതി ആരംഭിച്ചു. 2000-കളിൽ, ലണ്ടനിലെ ഗ്രോസ്വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ തുടങ്ങിയവ ഏറ്റെടുത്തതോടെ സഹാറ ഗ്രൂപ്പ് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ പതിപ്പിച്ചു.















