ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ തൊഴിൽ മേഖല ഘടനപരമായ പരിവർത്തനത്തിന് വിധേയമാവുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വയം സംരംഭകത്വവും ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളുമാണ് ഇത്തരത്തിൽ തൊഴിലില്ലായ്മയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകങ്ങൾ.
സംരംഭകർക്ക് കൈത്താങ്ങാകുന്ന വിവിധ കേന്ദ്ര പദ്ധതികളും ജനങ്ങളെ സ്വാധീനിക്കുന്നു. പദ്ധതികൾ വഴി പലർക്കും സഹായങ്ങൾ ലഭിക്കുകയും സ്വയം സംരംഭകരാക്കുകയും ചെയ്യുന്നു. സാധാരണക്കാരിൽ സാധാരണക്കാരായവരെ ശാക്തീകരിക്കുന്ന പ്രധാനമന്ത്രി മുദ്ര യോജന, പിഎം-സ്വാനിധി പോലുള്ള പദ്ധതികൾ സ്വന്തമായി തൊഴിൽ കണ്ടെത്തുന്നതിന് പര്യാപ്തമാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ മേഖലയിലും ജനങ്ങളുടെ വരുമാനം വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ, പിഎംഎവൈ, ആയുഷ്മാൻ ഭാരത്, അധിക സംസ്ഥാന പദ്ധതികൾക്ക് പുറമെ ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം തുടങ്ങിയ പ്രാഥമിക ഉപജീവന ആവശ്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ കണക്കുകൾക്കുള്ളിൽ സ്വയം തൊഴിൽ ചെയ്യുന്നവരുടെ സംഖ്യയിൽ അഭൂതപൂർവമായ ഉയർച്ചയാണ് പ്രകടമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2018-ൽ 52.2 ശതമാനമായിരുന്നു സ്വയം തൊഴിൽ ചെയ്തിരുന്നതെങ്കിൽ 2023-ൽ ഇത് 57.3 ശതമാനം ആയി മാറി. ഘടനാപരമായുള്ള പരിവർത്തനം കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കും.















