കൊല്ലം: വിവാഹം പോലെ വിവാഹ മോചനവും ആഘോഷമാക്കുന്ന ട്രെൻഡാണിപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. കൂടുതലും സ്ത്രീകൾ വിവാഹമോചനം ആഘോഷമാക്കുന്നതാണ് വൈറലായിട്ടുള്ളത്. ഇപ്പോഴിതാ, കൊല്ലം മയ്യനാട് സ്വദേശിയായ ഒരു യുവാവാണ് വിവാഹ മോചനം ആഘോഷമാക്കിയിരിക്കുന്നത്. 24 കാരനായ സജാദാണ് മാതാപിതാക്കളോടൊപ്പം കേക്ക് മുറിച്ച് വിവാഹമോചനം ആഘോഷിച്ചത്.

രണ്ട് മാസം മുമ്പായിരുന്നു സജാദ് വിവാഹമോചിതനായത്. കഴിഞ്ഞ ദിവസമാണ് താന്നി ബീച്ചിൽ വച്ച് മാതാപിതാക്കളെ ചേർത്തു നിർത്തി കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു.

2022 ഓഗസ്റ്റിലായിരുന്നു സജാദിന്റെ വിവാഹം. ഒരു മാസം മാത്രമായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചത്. ഇതിന് ശേഷം മാറി താമസിക്കുകയായിരുന്നു. ഇപ്പോഴാണ് നിയമപരമായി വിവാഹമോചിതരായത്. പിന്നാലെയാണ് സജാദ് വിവാഹത്തിന് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തി വിവാഹ മോചനത്തിന്റെ ആഘോഷ ചിത്രങ്ങളും പകർത്തിയത്. മുടി നീട്ടി വളർത്തിയിരുന്ന സജാദ്, വിവാഹ മോചനം ലഭിച്ചതിന്റെ അന്ന് മുടിയും മുറിച്ചിരുന്നു.















