തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ആപ്പ് വഴി നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. രക്ഷിതാക്കളുടെ പരാതിയിലാണ് വർക്കല സ്വദേശിയെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി ടെക്‌നിക്ക് വിദ്യാർത്ഥിയായ കാർത്തിക് ബിജു (19) ആണ് അറസ്റ്റിലായത്.
അയിരൂർ സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ ഫോണിൽ നിന്നും നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് കണ്ടെടുത്തത്. അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ശേഖരിച്ച് മൊബൈലിൽ സൂക്ഷിച്ചതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.