മംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മഹാരാഷ്‌ട്ര സാംഗ്‌ലി സ്വദേശിയും മംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ ചൗഗാലെ(35) ആണ് അറസ്റ്റിലായത്. കർണാടക പോലീസാണ് പിടികൂടിയത്. പ്രതിയുടെ ഫോണ്‍ കോള്‍ റെക്കോഡും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
ഉഡുപ്പിയിൽ 450 കിലോമീറ്റര്‍ അകലെയുള്ള കുടച്ചിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് പ്രവീണിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അന്വേഷണസംഘം അറിയിച്ചു. ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ എയര്‍ ഇന്ത്യ ജീവനക്കാരിയായ കൊല്ലപ്പെട്ട അഫ്‌സാനുമായുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഹസീന (46), മക്കളായ അഫ്സാൻ (23), അസീം (14), അയനാസ്(20) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. ആക്രമണത്തിൽ ഹസീനയുടെ ഭർതൃമാതാവിനും ഗുരുതരമായ പരിക്കേറ്റിരുന്നു. വിവരം അറിഞ്ഞ ഉടൻ വിദേശത്തായിരുന്ന ഭർത്താവ് നൂര്‍ മുഹമ്മദ് നാട്ടിലെത്തി. ഇതിന് പിന്നാലെ, നാലു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.















