ന്യൂഡൽഹി: കാനഡയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാനഡയുടെ അന്വേഷണം തള്ളുന്നില്ലെന്നും എന്നാൽ തെളിവുകൾ മുന്നോട്ട് വയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹർദീപ് സിംഗ് നിജ്ജാർ വധത്തിൽ ഇന്ത്യൻ പങ്ക് ആരോപിക്കുന്ന കാനഡയ്‌ക്ക് മറുപടി പറയുകയായിരന്നു അദ്ദേഹം. നിജ്ജാറിന്റെ ട്രാക്ക് റെക്കോർഡ് അത്ര നല്ലതാല്ലാരുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു. ലണ്ടനിൽ വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയശങ്കറിന്റെ വാക്കുകൾ.
കനേഡിയൻ രാഷ്‌ട്രീയത്തിൽ വിഘടനവാദികളുടെ അഭിപ്രായങ്ങൾക്ക് ഇടം നൽകുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കുകയും നയതന്ത്ര പ്രതിനിധികളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ കനേഡ ഒരു നടപടിയും സ്വീകരിച്ചില്ല. ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. ആ സ്വാതന്ത്ര്യത്തെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്. അതിന് അനുവദിക്കുന്നത് തെറ്റായ സമീപനമാണ്. കാനഡയ്‌ക്ക് അത്തരമൊരു ആരോപണുണ്ടെങ്കിൽ ഇന്ത്യയുമായി തെളിവുകൾ പങ്കുവെയ്‌ക്കണം. അന്വേഷണത്തെ തള്ളിക്കളയുന്നില്ല. എന്നാൽ അവർ വാഗ്ദാനം ചെയ്തത് ഒന്നും അവർ ചെയ്തിട്ടില്ല. – ജയശങ്കർ പറഞ്ഞു.
എന്നാൽ, നിലപാടിൽ നിന്നും കാനഡ പലപ്പോഴും പിന്നാക്കം മാറുന്ന സ്ഥിതിയാണ് നിലവിൽ. കാനഡയ്‌ക്ക് ഇന്ത്യയുമായി ഒരു തർക്കത്തിന് താത്പര്യമില്ലെന്ന് ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതേസമയം, കാനഡ മുൻപും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും എയർ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായ ബോംബാക്രമണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.