ആരാധകരെ ആവേശത്തിലാഴ്‌ത്തി ഏറ്റവും പുതിയ ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. രാവിലെ 10.10-ന് പുറത്തിറങ്ങുമെന്നായിരുന്നു പോസ്റ്റ്.
തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേത് എന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 11-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുന്നത്. ചന്ദു സെൽവരാജാണ് ഛായാഗ്രഹണം നിർവഹിക്കുക.
ചിത്രത്തിന്റെ പൂജ തൃക്കാക്കര അമ്പലത്തിൽ വെച്ചായിരുന്നു നടന്നത്. വളരെ പ്രതീക്ഷയോടെയാണ് മലയാളികൾ സിനിമയെ ഉറ്റുനോക്കുന്നത്. പൂജയിൽ ഉണ്ണി മുകുന്ദനും രഞ്ജിത് ശങ്കറിനുമൊപ്പം നായികമാരായ മഹിമ നമ്പ്യാർ, ജോമോൾ എന്നിവരും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു.















