മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാർക്കും മൈതാന പ്രസംഗം നടത്താൻ ജനങ്ങളുടെ പണം ചിലവാക്കുന്നതെന്തിനെന്നും അദ്ദേഹം വിമർശിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് മുന്നണി സർക്കാർ ചിലവിൽ നടത്തുന്ന മണ്ഡലം സമ്മേളനമാണിത്. നവകേരള സദസിന്റെ ചിലവ് എൽഡിഫാണ് മുടേക്കണ്ടത്. നികുതി വെട്ടിപ്പുകാരാണ് സദസിന്റെ സ്‌പോൺസർമാർ. സർക്കാരിന്റെ റിമോട്ട് കൺട്രോൾ അവരുടെ കയ്യിലാണ്. ശമ്പളം കിട്ടാത്ത കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻ കിട്ടാത്തവരുടെയും മുന്നിലൂടെയാണ് ആഡംബര ബസിൽ മുഖ്യമന്ത്രി കടന്നു പോകുന്നത്.
നവകേരളാ സദസിന്റെ പേരിൽ രസീതില്ലാതെ പണംപിരിക്കുകയാണ് സിപിഎം നേതാക്കൾ. വിവിധ പരാതികളുമായി എത്തുന്നവർ മന്ത്രിമാരുമായി ബന്ധപ്പെടുന്നില്ല. എല്ലാ പരാതികളും ഉദ്യോഗസ്ഥരാണ് തീർപ്പാക്കുന്നത്. പിന്നെന്തിനാണ് മുഖ്യമന്ത്രിയും സംഘവും കേരളം ചുറ്റുന്നതെന്നും പികെ കൃഷ്ണദാസ് വിമർശിച്ചു.















