പാലക്കാട്: അസ്തമയ സൂര്യനെ സാക്ഷി നിർത്തി കൽപ്പാത്തിയിൽ ദേവരഥ സംഗമം പൂർത്തിയായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സംഗമത്തിന് സാക്ഷ്യം വഹിക്കാൻ ഇവിടെ എത്തിയത്. നാല് ക്ഷേത്രങ്ങളിൽ നിന്നും ആറ് രഥങ്ങളാണ് ഗ്രാമ പ്രദിക്ഷണം പൂർത്തിയാക്കി തേരുമുട്ടിയിൽ സംഗമിച്ചതോടെയാണ് ഈ വർഷത്തെ രഥോത്സവത്തിന് സമാപനമായത്. ഇനി അഗ്രഹാരങ്ങളിൽ അടുത്ത വർഷത്തെ രഥോത്സവത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിവാസികൾ.
കൽപ്പാത്തി രഥോത്സവമെന്നത് വാസ്തവത്തിൽ ഒടുക്കമല്ല, തുടക്കമാണ്. ജില്ലയിലുള്ള 98 അഗ്രഹാര ക്ഷേത്രങ്ങളിലെ ആറ് മാസം നീണ്ടു നിൽക്കുന്ന രഥോത്സവങ്ങളുടെ തുടക്കമാണിത്. മൂന്ന് ദിവസത്തെ അഗ്രഹാര വീഥികളിലെ പ്രയാണങ്ങൾ പൂർത്തിയാക്കി തേരുമുട്ടിയിൽ രഥങ്ങൾ ഇന്ന് സംഗമിക്കുകയായിരുന്നു.















