ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പമാക്കാനായി യുപിഐ ലൈറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. ചെറിയതുകയുടെ ഇടപാട് അനായാസം സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. ഫെഡറൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളിൽ ഇടപാടുകാർക്ക് ഈ സേവനം ഉപയോഗിക്കാം.
ചെറിയ ഇടപാടുകൾ ലളിതവും വേഗത്തിലുമാക്കാനായി നാഷൽണൽ പേയ്മെന്റ് കോർപ്പറേഷൻ ഈയിടെ അവതരിപ്പിച്ച പുതിയ സേവനമാണ് യുപിഐ ലൈറ്റ്. നിലവിൽ ഉപോയഗിക്കുന്ന യുപിഐ ആപ്പിൽ തന്നെ യുപിഐ ലൈറ്റും ഉപയോഗിക്കാം. പിൻ ഇല്ലാതെ പരമാവധി 500 രൂപ വരെ ഒരു ഇടപാടിൽ അയക്കാം.
ഒരു ദിവസം പരമാവധി 4,000 രൂപയുടെ ഇടപാട് നടത്താം. യുപിഐ ലൈറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. തുക തീരുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുപിഐ ലൈറ്റിലേക്ക് വീണ്ടും തുക എടുക്കാം.