തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പോലീസ്. മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പും സജീവമായിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കസ്റ്റമർ കെയറിൽ നിന്നും എന്ന വ്യാജേന എത്തുന്ന കോളുകൾ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലേക്കുള്ള സേവനം ചില സാങ്കേതിക പ്രശ്‌നങ്ങളാൽ നിർത്തേണ്ടി വന്നു എന്നാകാം നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിംഗ് സേവനങ്ങളിൽ തടസ്സം നേരിട്ടേക്കാം എന്ന അറിയിപ്പും വ്യാജ കസ്റ്റമർ കെയറിൽ നിന്നുണ്ടാകാം. ഇതിന് തടയിടുന്നതിനായി ഒരു അസിസ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ നമ്പർ റീചാർജ് ചെയ്യുക എന്ന നിർദ്ദേശമാകും പങ്കുവെയ്‌ക്കുക.
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ തട്ടിപ്പുകാർ ഫോൺ റീചാർജ് ചെയ്യാനെന്ന വ്യാജേന ഉപയോക്താക്കളുടെ സ്വകാര്യ-ബാങ്ക് അക്കൗണ്ട് നമ്പറുകൾ ചോർത്തുകയും പണം തട്ടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മൊബൈൽ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ മുഖേന ആവശ്യപ്പെടാറില്ല. കൂടാതെ അനാവശ്യമായ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. തട്ടിപ്പിന് ഇരയാകുകയാണ് എങ്കിൽ ഉടൻ തന്നെ വിവരം 1930 എന്ന സൈബർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കുക. ഒരു മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുക ആണെങ്കിൽ പണം തിരിച്ചു പിടിക്കുന്നതിനുള്ള സാധ്യത ഏറെയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.















