സഹറാൻപൂർ: മുസ്ലീം വനിതകൾ ബ്യൂട്ടി പാർലറിൽ പോകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം മതപുരോഹിതൻ. യുപിയിലെ സഹറാൻപൂർ ജില്ലയിലെ മതപണ്ഡിതനായ മുഫ്തി ആസാദ് കസ്മിയുടേതാണ് വിവാദ പരാമർശം.
പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ മുസ്ലീം വനിതകൾ പോകുന്നത് ‘നിയമവിരുദ്ധവും’ ‘വിലക്കപ്പെട്ട’തുമാണെന്നായിരുന്നു പണ്ഡിതന്റെ പരാമർശം. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സലൂണുകളിൽ മുസ്ലീം വനിതകൾക്ക് പോകാമെന്നും മുഫ്തി ആസാദ് കസ്മി പറഞ്ഞു. ഇതുസംബന്ധിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏതാനും നാളുകൾക്ക് മുമ്പ് പുരികം ത്രെഡ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം വനിതയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയിരുന്നു. കാൺപൂരിൽ നിന്നുള്ള വനിതയാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ്, യുവതി പുരികം ത്രെഡ് ചെയ്തതിന്റെ പേരിൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നാണ് പരാതിയിലുള്ളത്.















