കോഴിക്കോട് : ചെണ്ട കൊട്ടി നടന്ന് വിഷ്ണു ഒടുമ്പ്ര നേടിയത് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്. ഒമ്പത് മണിക്കൂർ 29 മിനിറ്റ് തുടർച്ചയായി നടന്ന് ചെണ്ട കൊട്ടിയ വിഷ്ണു ഈ സമയം കൊണ്ട് പിന്നിട്ടത് 36 കിലോമീറ്ററാണ്. ചെണ്ട കൊട്ടൽ യജ്ഞവും നടത്തവും എന്നതിലാണ് വിഷ്ണു ലോകറെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിന്റെ തനത് വാദ്യമായ ചെണ്ടയിൽ വ്യത്യസ്തമായ ആശയം കൈവരിച്ചാണ് മൂന്നാം തവണ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് വിഷ്ണു സ്വന്തമാക്കിയത്. പ്രദേശവാസികൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നിരവധി ആളുകളാണ് വിഷ്ണുവിന് പ്രോത്സാഹനവുമായി എത്തിയത്.
2022 ജനുവരിയിൽ 17 മുതൽ 21 വരെ കോഴിക്കോട് ടൗൺ ഹാളിൽ 104 മണിക്കൂർ തുടർച്ചയായി ചെണ്ട കൊട്ടിയാണ് വിഷ്ണു ആദ്യ റെക്കോർഡ് സ്വന്തമാക്കിയത്. 2023 മെയ് 13-ന് ഒളവണ്ണ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ വച്ച് ‘ഒരു മിനിറ്റിൽ 704 തവണ ചെണ്ട കൊട്ടി’ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് രണ്ടാമതും കരസ്ഥമാക്കിയിരുന്നു.