നൂഹ് : ഹരിയാനയിലെ നൂഹിൽ വീണ്ടും സംഘർഷാവസ്ഥ. ശിവക്ഷേത്രത്തിൽ പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ് ഉണ്ടായി 9 സ്ത്രീകൾക്ക് പരിക്കേറ്റു. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ന്യൂ ധർമശാലയിൽ ഇരു സമുദായങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന യോഗം നടക്കുകയാണ്.
അജ്ഞാതർക്കെതിരെ എസ്‌സി-എസ്ടി ആക്‌ട് പ്രകാരം കേസെടുത്തതായി നൂഹ് പോലീസ് അറിയിച്ചു. നൂറോളം സ്ത്രീകളാണ് ശിവ കൈലാസ ക്ഷേത്രത്തിൽ പൂജയ്‌ക്ക് പോയത് .എന്നാൽ ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ, മസ്ജിദിൽ നിന്ന് ചിലർ കല്ലേറുണ്ടാകുകയായിരുന്നു.
പ്രശ്‌നം രണ്ട് സമുദായങ്ങൾ തമ്മിലുള്ളതായതിനാൽ പോലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും റോഡ് ഉപരോധിക്കുകയും ധർണ നടത്തുകയും ചെയ്തു . തുടർന്ന് എസ്ഡിഎം അശ്വിനി കുമാറും സ്ഥലത്തെത്തി. സ്ഥിതിഗതികൾ വഷളാകുന്നത് കണ്ട് എസ്പി നരേന്ദ്ര ബിജാർണിയ തന്നെ വൻ പോലീസ് സന്നാഹവുമായി സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഈ കേസിൽ കുറ്റക്കാർ ആരായാലും അവരെ ഒരു കാരണവശാലും വിട്ടയക്കില്ലെന്നും എസ്പി വ്യക്തമാക്കി.