അജ്മീർ: പിന്നാക്ക സമുദായത്തിന്റെ വികസനത്തിന് ഗാന്ധി കുടുംബത്തിലെ നാല് തലമുറകളും എല്ലാക്കാലത്തും എതിരായിരുന്നുവെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നസിറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാഹുൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒബിസി വിഭാഗത്തിന്റെ വികസനത്തെ കുറിച്ച് വലിയ കാര്യമായി സംസാരിക്കുന്നുണ്ട്. വെറും വാചക കസർത്ത് മാത്രമാണത്. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഇപ്പോൾ രാഹുൽ ഗാന്ധി ഇങ്ങനെ നാല് തലമുറകളും പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിന് എതിര് നിന്നിട്ടുള്ളവരാണെന്നും” അമിത് ഷാ വിമർശിച്ചു.
പിന്നാക്ക വിഭാഗത്തിന് വേണ്ടി ബിജെപി നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ” പിന്നാക്ക വിഭാഗത്തിനായുള്ള ദേശീയ കമ്മീഷനെ ഒരു ഭരണഘടനാ സ്ഥാപനമാക്കിയത് ബിജെപിയാണ്. രാജ്യത്തിന് ആദ്യമായി ഒബിസി വിഭാഗത്തിൽ നിന്നുള്ള പ്രധാനമന്ത്രിയെ കിട്ടുന്നത് ബിജെപിയിലൂടെയാണ്. കോൺഗ്രസ് ഒരിക്കലും പിന്നാക്ക സമുദായങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല. അവർ വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും” അമിത് ഷാ പറഞ്ഞു.
രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” ജീവിതത്തിൽ ഒരിക്കലും ഇത്രയും അഴിമതി നടത്തിയ ഒരു സർക്കാരിനെ കണ്ടിട്ടില്ല. സെക്രട്ടറിയേറ്റിനുളളിൽ നിന്ന് കോടിക്കണക്കിന് രൂപയും സ്വർണവുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്. അഴിമതി നിറഞ്ഞു നിൽക്കുന്ന സർക്കാരാണിത്. ഇവിടെ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തി കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും” അദ്ദേഹം പറഞ്ഞു.