ഇന്ന് രാവിലെ മുതൽ റോബിൻ ബസിനെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് പിഴ ഇടുന്ന മോട്ടോർ വാഹന വകുപ്പിന് നവകേരള സദസ്സിനായി കൊണ്ടുവന്ന ബസിനായി നടപടി എടുക്കാൻ കഴിയുമോ എന്ന ചോദ്യവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സാധാരണക്കാരന് ഒരു നിയമം സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയും പോലീസ് ചീഫുമൊക്കെ പിണറായിയുടെ അടിമകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോടതി വിധിയുമായി റോഡിലിറങ്ങിയ റോബിൻ ബസിന് മുക്കിന് മുക്കിന് പിഴയിടുന്ന മോട്ടോർ വാഹന വകുപ്പിന് ഒന്നരക്കോടിയുടെ സഞ്ചരിക്കുന്ന കക്കൂസിനെതിരെ നടപടിയെടുക്കാൻ നട്ടെല്ലുണ്ടോ? നിലവിലുള്ള എല്ലാ മോട്ടോർ വാഹന നിയമങ്ങളും ലംഘിച്ചാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും സഞ്ചരിക്കുന്ന കക്കൂസുമായി കേരളം മുഴുവൻ കറങ്ങാനിറങ്ങുന്നത്. സാധാരണക്കാരന് ഒരു നിയമം സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.
നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സിപിഎം അഴിഞ്ഞാട്ടം നടത്തുന്നത് അടിയന്തരാവസ്ഥ കാലത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്. 56 ലെ സെൽ ഭരണ മാതൃകയിലാണ് പിണറായി ഭരണത്തിൽ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്നത്. എ.കെ.ജി സെന്‍ററിലെ തിട്ടൂരത്തിന് രാജ്യത്തെ നിയമത്തെക്കാൾ വില കൽപ്പിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം രാജ്യത്തിന് ആകെ നാണക്കേടാണ്. ചീഫ് സെക്രട്ടറിയും പോലീസ് ചീഫുമൊക്കെ പിണറായിയുടെ അടിമകളെ പോലെയാണ് പ്രവർത്തിക്കുന്നത്.















