അടിമുടി മാറ്റത്തിനൊരുങ്ങി എംജി സർവകലാശാല. ദേശീയ വിദ്യഭ്യാസനയ പ്രകാരം നാലുവർഷ ബിരുദത്തിലേക്ക് മാറുന്നതിന് പിന്നാലെ സിലബസിലും മാറുന്നു. സർവകലാശാലയിൽ നിലവിലുള്ള 54 ബിരുദ പ്രോഗ്രാമുകളുടെ സിലബസാണ് മാറുന്നത്. ഡിസംബർ 15-ന് മുൻപ് സിലബസിന് അന്തിമ രൂപം നൽകി സർവകലാശാലയ്‌ക്ക് കൈമാറും.
നിരവധി സവിശേഷതകളുമായാണ് പുത്തൻ സിലബസ് അവതരിപ്പിക്കുക. ആദ്യത്തെ രണ്ട് സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമിക പഠനമാകും നടക്കുക. തുടർന്നുള്ള വർഷങ്ങളിലാകും വിശദപഠനം. ഈ സെമസ്റ്ററുകളിലെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യ പേപ്പറുകൾ സർവകലാശാല നൽകും. രണ്ട് മണിക്കൂർ എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങളാകും, ഇന്റേണൽ പരീക്ഷകൾക്ക് ‘ഓപ്പൺ ടെക്സ്റ്റ് ബുക്ക്’ തീതിയാകും.
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ചോദ്യ പേപ്പറുകൾ തയ്യാറക്കുക. 2000 മുതൽ 4000 വരെ ചോദ്യങ്ങളുള്ള ക്വസ്റ്റിയൻ ബാങ്ക് തയ്യാറാക്കും. പദേശത്തിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്നതിനായി നാലാം വർഷം കോളേജുകൾക്ക് സ്വന്തമായി ‘സിഗ്നേച്ചർ കോഴ്‌സുകൾ’ തുടങ്ങാൻ അവസരം.
ഓരോ കോഴ്‌സിൽനിന്നും ആറുമുതൽ എട്ടുവരെ ക്രെഡിറ്റാണ് ലഭിക്കേണ്ടത്. ഓരോ പേപ്പറിൽനിന്നും ലഭിക്കേണ്ട ക്രെഡിറ്റുകളും നിശ്ചയിച്ചിട്ടുണ്ട്. യുജിസി മാർഗനിർദേശപ്രകാരം പ്രോഗ്രാമുകളുടെ നേട്ടപ്പട്ടിക സർവകലാശാല തയ്യാറാക്കിയിട്ടുണ്ട്. എംജി സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് ഏതൊക്കെ വേണമെന്ന് തിരഞ്ഞെടുക്കും. നാലുവർഷംകൊണ്ട് വിദ്യാർത്ഥി 177 ക്രെഡിറ്റ് ആണ് നേടേണ്ടത്. 133 ക്രെഡിറ്റ് കൈവരിച്ചാൽ ഡിഗ്രിനേടാം.















