കൊല്‍ക്കത്ത ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്സിക്ക് ഓറഞ്ച് നിറം നൽകിയതിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി . തനിക്ക് സ്വീകാര്യമല്ലാത്തതെല്ലാം രാജ്യത്ത് കാവിവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മമതയുടെ ആരോപണം . ഇന്ത്യന്‍ ടീമിനും ഓറഞ്ച് നിറം നല്‍കുകയാണെന്നും കളിക്കാര്‍ ഇന്ന് ഓറഞ്ച് നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.
സെൻട്രൽ കൊൽക്കത്തയിലെ പോപ്പി മാർക്കറ്റിലെ ജഗധാത്രി പൂജയുടെ ഉദ്ഘാടന ചടങ്ങിലാണ് മമത ഇക്കാര്യം പറഞ്ഞത്. “ഇപ്പോൾ എല്ലാം ഓറഞ്ച് നിറമാകുകയാണ്! ഞങ്ങളുടെ ഇന്ത്യൻ കളിക്കാരെ കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു, അവർ ലോക ചാമ്പ്യന്മാരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ അവർ പരിശീലിക്കുമ്പോൾ അവരുടെ യൂണിഫോമും കാവിയായി മാറിയിരിക്കുന്നു. മുമ്പ് അവർ നീല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.ഞങ്ങളുടെ ടീം മികച്ചതാണ്, ഞങ്ങൾ വിജയിക്കും, പക്ഷേ മികവ് തെളിയിക്കാൻ ഇന്ത്യക്ക് കാവി ജേഴ്‌സി ധരിക്കേണ്ട ആവശ്യമുണ്ടോ , എല്ലാറ്റിന്റെയും പേര് മാറ്റി എല്ലാറ്റിനും ഓറഞ്ച്നിറം നൽകുന്നു.”- മമത ബാനർജി പറഞ്ഞു.
ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്‌സിയിൽ മാത്രമല്ല, മെട്രോ സ്‌റ്റേഷനുകളിലെ പെയിന്റിംഗുകളിലും ഓറഞ്ച് നിറം വരച്ചിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മമത സങ്കടപ്പെട്ടു .















