പത്തനംതിട്ട: റോബിൻ ബസിന് ബദൽ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഈരാറ്റുപേട്ട വഴി കോയമ്പത്തൂരിലേക്കുള്ള എസ് വോൾവോ ബസ് സർവീസ് ആരംഭിച്ചു. റോബിൻ സർവീസ് നടത്തുന്നതിന് അര മണിക്കൂർ നേരത്തെയാണ് സർവീസ് നടത്തുന്നത്.
നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിൻ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് കെഎസ്ആർടിസിയുടെ തിടുക്കപ്പെട്ടുള്ള തീരുമാനം.
പത്തനംതിട്ട – എരുമേലി – കോയമ്പത്തൂർ റൂട്ടിലാണ് കെഎസ്ആർടിസി വോൾവോ ബസ് സർവീസ് നടത്തുക. പത്തനംതിട്ടയിൽ നിന്ന് രാവിലെ 4.30-നാണ് സർവീസ് ആരംഭിച്ചത്. തിരികെ കോയമ്പത്തൂരിൽനിന്ന് വൈകുന്നേരം 4.30-ന് ബസ് സർവീസ് നടത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്. രാവിലെ 5.00 മണിക്കാണ് റോബിൻ ബസിന്റെ പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് ആരംഭിക്കുന്നത്.
നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതിയുടെ സംരക്ഷണത്തിലാണ് ഇന്നലെ റോബിൻ ബസ് സർവീസ് ആരംഭിച്ചത്. സർവീസിനിടെ കേരളത്തിൽ മാത്രം നാല് തവണയാണ് എംവിഡി തടഞ്ഞത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ചാണ് സർവീസ് നടത്തുന്നതെന്ന് ആരോപിച്ച് കേരളത്തിൽ 37,500 രൂപയും തമിഴ്നാട്ടിൽ 70,410 രൂപയുമാണ് പിഴ ഇനത്തിൽ ചുമത്തിയത്. കോടതി ഇടപെടുന്നത് വരെ സർവീസ് തുടരുമെന്ന് റോബിൻ ബസ് ഉടമ വ്യക്തമാക്കി.















