വാഷിംഗ്ടൺ : തന്റെ ഹിന്ദു മത വിശ്വാസത്തെ കുറിച്ച് പറഞ്ഞ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി. തന്റെ വിശ്വാസം തനിക്ക് സ്വാതന്ത്രം നൽകിയെന്നും ഈ പ്രസിഡൻഷ്യൽ ക്യാമ്പയിൻ ഏറ്റെടുത്ത് നടത്താൻ ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് 38 കാരനായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾ.
‘ദി ഫാമിലി ലീഡർ ഫോറം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ- അമേരിക്കൻ സംരഭകനായ വിവേക് രാമസ്വാമി അടുത്ത തലമുറയുടെ പ്രയോജനത്തിനായി അവതരിപ്പിക്കുന്ന ആശയങ്ങളും അടിസ്ഥാന വിശ്വാസങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു.
‘എന്റെ വിശ്വാസമാണ് എനിക്ക് എന്റെ സ്വാതന്ത്ര്യം നൽകുന്നത്. എന്റെ വിശ്വാസമാണ് എന്നെ ഈ പ്രസിഡൻഷ്യൽ ക്യാമ്പയിനിലേക്ക് നയിച്ചത്. ഞാൻ ഒരു ഹിന്ദുവാണ്. ഒരു യഥാർത്ഥ ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളെ ഓരോരുത്തരെയും ഇവിടെ എത്തിച്ചതിൽ ദൈവത്തിന് ഒരു ലക്ഷ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ലക്ഷ്യം എന്താണെന്ന് കണ്ടെത്തേണ്ടതും സാക്ഷാത്കരിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പല രീതിയിൽ നമ്മളിലൂടെ പ്രവർത്തിക്കുന്ന ദൈവത്തിന്റെ മാദ്ധ്യമമാണ് ആ ലക്ഷ്യങ്ങൾ. നമ്മൾ എല്ലാവരും തുല്യരാണ് കാരണം ദൈവം നമ്മളിലാണുള്ളത്’- വിവേക് പറഞ്ഞു.
കൂടാതെ തന്റെ കുടുംബത്തെ കുറിച്ചും വളർന്ന് വന്ന സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹിന്ദു- ക്രിസ്ത്യൻ വിശ്വാസങ്ങൾക്കിടയിൽ സമാന്തരമായ ഒരു രേഖ വരച്ച വിവേക് ഇരു വിശ്വാസങ്ങളും തുല്ല്യമാണെന്നും പറഞ്ഞു.
‘എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത് കുടുംബമാണ് എല്ലാം അതിന് പ്രധാന്യം നൽകണം എന്നാണ് . മാതാപിതാക്കളെ ബഹുമാനിക്കണം. വിവാഹം പവിത്രമായ ഒന്നാണ്. കൂടാതെ ഞാൻ പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിലാണ്. അവിടെ ഞാൻ ബൈബിൾ വായിച്ചു. പഠിച്ചു. അതിൽ പറയുന്നതും ഒന്നുതന്നെ മാതാപിതാക്കളെ ബഹുമാനിക്കുക. കള്ളം പറയരുത്, മോഷ്ടിക്കരുത്. ഈ മൂല്യങ്ങളും ആശയങ്ങളും ഹിന്ദുക്കളുടേതും ക്രിസ്ത്യാനികളുടേതും മാത്രമല്ല എല്ലാവരുടേതുമാണ്. ഒരു പ്രസിഡന്റ് എന്ന നിലയിൽ യുഎസിൽ കുടുംബം, കഠിനാധ്വാനം, ദേശസ്നേഹം, വിശ്വാസം എന്നിവ ഊട്ടി ഉറപ്പിക്കുവാൻ എനിക്ക് സാധിച്ചുവെന്ന് വരാം’ അദ്ദേഹം വ്യക്തമാക്കി.