കോഴിക്കോട്: മുക്കത്ത് വീണ്ടും മോഷണ കേസ്. വീടുകളില്‍ വ്യാപക മോഷണം നടക്കുന്നതായി നാട്ടുകാരുടെ പരാതി. മുക്കം നഗരസഭയുടെ കീഴിലുള്ള തറോട്, തെച്ചിയാട്ടില്‍ എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. നിരവധി വീടുകളില്‍ നിന്നുമായി മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹെല്‍മെറ്റും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇരിമ്പിടക്കണ്ടി റസാക്കിന്റെ വീട്ടില്‍ നിന്നുമാണ് മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചത്. മറ്റ് പല വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ടെന്നാണ് വിവരം. വീട്ടുകാരുടെ മോബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മോഷണം പോയതായി മുക്കം പോലീസില്‍ പരാതി ലഭിച്ചട്ടുണ്ട്.
അതേസമയം മുക്കത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ച നടത്തിയ മോഷ്ടാക്കൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. പെട്രോൾ പമ്പ് കവർച്ച അന്വേഷണത്തിൽ തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുക്കത്തെ സംഭവങ്ങൾ. നിലവിൽ മുക്കം പോലീസ് അന്വേഷണം തുടരുകയാണ്. എല്ലാ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.