പത്തനംതിട്ട: റോബിൻ ബസ് കസ്റ്റഡിയിൽ. തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പാണ് റോബിൻ ബസിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെർമിറ്റ് ലംഘിച്ചെന്ന് കാണിച്ച് നടപടിയെടുത്തതായാണ് വിവരം. ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ നേരിട്ടെത്തി ബസ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ നിയമ ലംഘനം എന്താണെന്ന് ആർ.ടി.ഒ വ്യക്തമാക്കിയിട്ടില്ലെന്ന് ബസ് ഉടമ പ്രതികരിച്ചു.
രാവിലെ 11.45 ഓടെ വാളയാർ അതിർത്തി കടന്ന ബസിനെ ചാവടിയിലെ ആർ.ടി.ഒ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ബസിന്റെ ഒറിജിനൽ രേഖകൾ പരിശോധിച്ച ശേഷം ബസ് ഗാന്ധിപുരം ആർടി ഓഫീലേക്കെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു എന്നും ബസ് ഉടമ പറഞ്ഞു. എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ സർവീസ് പുനരാരംഭിച്ച റോബിൻ ബസിന് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഭീമൻ തുകയാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. കേരളത്തിൽ നിന്ന് 37,500 രൂപയും തമിഴ്‌നാട്ടിൽ നിന്ന് 70,410 രൂപയുമാണ് പിഴ ലഭിച്ചത്. പിന്നാലെ റോബിൻ ബസിന് ബദൽ സർവീസുമായി കെഎസ്ആർടിസി രംഗത്തെത്തി.
പത്തനംതിട്ടയിൽ നിന്ന് ഈരാറ്റുപേട്ട വഴി കോയമ്പത്തൂരിലേക്കുള്ള എസി വോൾവോ ബസാണ് സർവീസ് ആരംഭിച്ചത്. റോബിൻ സർവീസ് നടത്തുന്നതിന് അര മണിക്കൂർ നേരത്തെയാണ് സർവീസ് ആരംഭിച്ചത്. നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിൻ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെയായിരുന്നു കെഎസ്ആർടിസിയുടെ തിടുക്കപ്പെട്ടുള്ള തീരുമാനം.















