തെന്നിന്ത്യൻ താരം നടി കാർത്തിക വിവാഹിതയായി. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് വിവാഹം നടന്നത്. കാസർകോഡ് സ്വദേശി രോഹിത് മേനോനാണ് വരൻ. ജനം ടിവി എംഡിഎസ് രാജശേഖരൻ നായരുടെയും തെന്നിന്ത്യൻ താരം ഉദയചന്ദ്രിക നായരുടെയും മകളാണ് കാർത്തിക.
രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. അടുത്തിടെയാണ് താരം വിവാഹിതായാകാൻ പോകുന്ന കാര്യം ആരാധകരോട് പങ്കുവെച്ചത്. കാർത്തികയുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
2009-ൽ പുറത്തിറങ്ങിയ ‘ജോഷ്’എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാർത്തിക വെള്ളിത്തിരയിലേക്ക് തുടക്കം കുറിച്ചത്. 2011-ൽ പുറത്തിറങ്ങിയ ‘കോ’എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ജീവയോടൊപ്പം നായികാ വേഷത്തിലെത്തിയ ചിത്രം കേരളത്തിലടക്കം ശ്രദ്ധനേടിയിരുന്നു. മകരമഞ്ഞ്, കമ്മത്ത് ആൻഡ് കമ്മത്ത് എന്നീ മലയാള സിനിമകളിലും കാർത്തിക പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.