ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരം സന്ദർശനത്തിനിടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തി. പരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്ന അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ്.
രാമേശ്വരത്ത് സന്ദർശനം തുടരുന്ന നിർമലാ സീതാരാമനെ കാണാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിനിധി സംഘവും എത്തിയിരുന്നു. ശ്രീലങ്ക കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമായതിൽ നേരിട്ട് മന്ത്രിയെ കണ്ട് നന്ദി അറിയിക്കാനാണ് അവർ എത്തിയത്. അന്താരാഷ്‌ട്ര സമുദ്രാതിർത്തി മറി കടന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നുള്ള 22 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വഴി മാറിയാണ് അവർ ശ്രീലങ്കൻ അതിർത്തി കടന്നത്.
മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രി പരമ്പരാഗത മത്സ്യത്തൊഴിലാളി പ്രതിനിധി സംഘം നിർമലാ സീതാരാമനെ നേരിട്ട് കണ്ടിരുന്നു. തുടർന്ന് പ്രശ്നത്തിൽ ഇടപ്പെട്ട മന്ത്രി വിദേശകാര്യ സെക്രട്ടറിയുമായും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായും സംസാരിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ശ്രീലങ്ക തയ്യാറാവുകയായിരുന്നു. ശ്രീലങ്കൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട് മത്സ്യ തൊഴിലാളികൾ കഴിഞ്ഞ ദിവസം ബോട്ട് മാർഗം പാമ്പനിലെത്തി. നരേന്ദ്രമോദിയുടെ കീഴിലുള്ള സർക്കാർ എല്ലായ്‌പ്പോഴും തമിഴരുടെ താൽപ്പര്യത്തിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നു