വാഷിംഗ്ടൺ: വിശ്വാസത്തെ കുറിച്ച് ഉന്നിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. ഒരു യഥാർത്ഥ ദൈവം ഉണ്ട്, അതാണ് തനിക്ക് സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ബോധം നൽകുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുക്കാനുള്ള തന്റെ ധാർമ്മിക ബാധ്യതയെ കുറിച്ച് പ്രരിപ്പിച്ചതും അതാണെന്ന് അദ്ദേഹം പറഞ്ഞു. ദ ഡെയ്ലി സിഗ്‌നൽ പ്ലാറ്റ്ഫോം സംഘടിപ്പിച്ച ‘ദി ഫാമിലി ലീഡർ’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഒരു ഹിന്ദുവാണ്. ഒരു യഥാർത്ഥ ദൈവമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. ദൈവം നമ്മളെ ഓരോരുത്തരെയും ഇവിടെ എത്തിച്ചിരിക്കുന്നതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ധാർമ്മികമായ കടമ നമുക്കുണ്ട്. അതാണ് ആ വിശ്വാസം നമ്മളെ പഠിപ്പിക്കുന്നത്. നാെ എല്ലാം തുല്യരാണ്, കാരണം ദൈവം നമ്മിൽ ഓരോരുത്തരിലും വസിക്കുന്നു അതാണ് വിശ്വാസത്തിന്റെ കാതലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പരമ്പരാഗത കുടുംബത്തിലാണ് താൻ വളർന്നത്. കുടുംബം, വിവാഹം, മാതാപിതാക്കളോടുള്ള ബഹുമാനം എന്നീ മൂല്യങ്ങൾ പകർന്നു കിട്ടിയത് തന്റെ കുടുംബത്തിൽ നിന്നും, വിശ്വാസത്തിൽ നിന്നുമാണെന്ന് രാമസ്വാമി പറഞ്ഞു. താൻ പഠിച്ചത് ഒരു ക്രിസ്ത്യൻ സ്‌കൂളിലാണ്. മാതാപിതാക്കളെ ബഹുമാനിക്കണം. കള്ളം പറയരുത്, മോഷ്ടിക്കരുത് എന്നാല്ലാമാണ് അക്കാലത്ത് പഠിച്ചത്. ഈ മൂല്യങ്ങൾ എനിക്ക് സുപരിചിതമാണ്. ഇത് ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ അല്ല. ഇവ ദൈവത്തിന്റേതാണ്. ഈ മൂല്യങ്ങളാണ് ഈ രാജ്യത്തിന്റെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.
38 കാരനായ വിവേക് രാമസ്വാമി ഒഹായോ സ്വദേശിയാണ്. കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയവരാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾ. 2024 നവംബർ 5 നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി നടക്കുന്ന പ്രചരണങ്ങളിൽ സജീവമാണ് അദ്ദേഹം.















