തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കിള്ളിതൊഴിക്കോട്ട്‌കോണം സ്വദേശിനിയുടെ കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ വച്ച് കുട്ടി മരിച്ചെന്ന വിവരം അറിഞ്ഞിട്ടും പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേയ്‌ക്ക് പറഞ്ഞയക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി സമർപ്പിച്ചു.
അതേസമയം കന്യാകുമാരിയിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ ആൺ കുഞ്ഞിനെയാണ് റോഡരികിൽ കണ്ടെത്തിയത്. നാട്ടുകാർ പോലീസിനെ വിവരമറിയച്ചതോടെ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിൽ നിന്നും കന്യാകുമാരിയിലേക്കുള്ള റോഡിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വസ്ത്രത്തിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്. കാൽനട യാത്രക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശത്ത് തിരച്ചിൽ നടത്തുകയും കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.















