തിരുവനന്തപുരം: കേരളം കമ്യൂണിസ്റ്റ് ഭീകരരുടെ പ്രധാന താവളമെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ. 2022 ഡിസംബർ 18നാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രം സംസ്ഥാനത്തിന് നൽകിയത്. കേരളത്തിന് പുറമേ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും കർണാടകയ്‌ക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൈമാറിയിരുന്നു. 2022 ഫെബ്രുവരി മുതൽ എൻഐഎ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
തമിഴ്‌നാടും കർണാടകവും തങ്ങളുടെ അതിർത്തിയിൽ നടപടികൾ കർശനമാക്കിയെങ്കിലും കേരളം റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ല. കമ്യൂണിസ്റ്റ് ഭീകരർ തമ്പടിച്ചിരുന്ന ഛത്തീസ്ഗഡ്, തെലങ്കാന മേഖലയിൽ കേന്ദ്രസേനകൾ നടപടി ശക്തമാക്കിയതോടെയാണ് ഇവർ കേരളവുമായി അതിർത്തി പങ്കിടുന്ന വന മേഖലകളിലേക്ക് ചേക്കേറിയത്. സംസ്ഥാനത്ത് വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലും ഭീകരരുടെ സജീവ സാന്നിദ്ധ്യമുണ്ട്.
നിലവിൽ രാജ്യത്തെ 70 ജില്ലകളില്ലാണ് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കേരളത്തിലെ ഈ മൂന്നു ജില്ലകളുമുണ്ട്. സംസ്ഥാനത്തെ വനവാസി കോളനികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. കൂടാതെ കോളജ് വിദ്യാർത്ഥികൾക്കിടയിൽ രഹസ്യമായി നിലയുറപ്പിച്ച് ഇവർ ആശയ പ്രചാരണവും നടത്തുന്നുണ്ട്. ഇതിലൂടെ വിദ്യാർത്ഥികളെ തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം.
നിലവിൽ സംസ്ഥാനത്ത് കൂടുതൽ സുരക്ഷാഭീഷണി ഇല്ലാത്തത് ഇവരുടെ പ്രവർത്തനം പ്രാരംഭസ്ഥിതിയിൽ ആയതുകൊണ്ട് മാത്രമാണ്. ഛത്തീസ്ഗഢിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് കേരളത്തിൽ നിലയുറപ്പിച്ചത് എന്നാണ് സൂചന. കമ്യൂണിസ്റ്റ് ഭീകരരുടെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി യൂണിറ്റും പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട് . ഇവരുടെ പക്കൽ അത്യാധുനിക ആയുധ ശേഖരമുണ്ട്. നക്സൽ മേഖലയായ ദന്തേവാഡ മേഖലയിൽ നിന്നെത്തിയവരാണ് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തവരെ പരിശീലിപ്പിക്കുന്നത്.
കമ്യൂണിസ്റ്റ് ഭീകര വേട്ടയ്‌ക്കായി കേന്ദ്രം പ്രത്യേക ഫണ്ടും സംസ്ഥാനത്തിന് കൈമാറിയിരുന്നു. 2026 വരെയുള്ള ഫണ്ട് കേരളം കൈപ്പറ്റിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം കമാൻഡോകൾ ഉൾപ്പെടുന്ന ദൗത്യസംഘം സംസ്ഥാനത്ത് രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പലവട്ടം സായുധ സംഘങ്ങൾ നാട്ടിലിറങ്ങി ജനങ്ങളെ ഭീഷണിപ്പെടുത്തുകയടക്കം ചെയ്തിരുന്നു. എന്നിട്ടും കാര്യമായ നടപടികളൊന്നും കേരളം ആസൂത്രണം ചെയ്യുകയോ നടപ്പാക്കുകയോ ചെയ്തില്ല.
2022ൽ ഏഴു പ്രാവശ്യവും 2023ൽ അഞ്ചു പ്രാവശ്യവും ഭീകരർ നാട്ടിലിറങ്ങിയിരുന്നു. രണ്ടുവട്ടം പോലീസുമായി ഏറ്റുമുട്ടലും ഉണ്ടായി. സി.പി. മൊയ്തീൻ, വിക്രം ഗൗഡ തുടങ്ങിയ നേതാക്കളെയടക്കം തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ വലിയ സാന്നിദ്ധ്യമുള്ള കേരളം ഭീകരർ സുരക്ഷിത താവളമായാണ് കാണുന്നത്. മുൻപ് കമ്യൂണിസ്റ്റ് ഭീകര നേതാവ് മല്ലരാജ റെഡ്ഢിയെ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ഒളിച്ച് താമസിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.















