മുംബൈ: ഓൺലൈൻ തട്ടിപ്പിനിരയായി വനിതാ ഡോക്ടർ. 300 രൂപയുടെ ലിപ്സ്റ്റിക് ഓൺലൈനായി ഓർഡർ ചെയ്ത വനിതാ ഡോക്ടർക്ക് ഒരുലക്ഷം രൂപയാണ് നഷ്ടമായത്. നവിമുംബൈയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ഡോക്ടർ ലിപ്‌സ്റ്റിക് ഓർഡർ ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കൊറിയർ കമ്പനിയുടേതെന്ന പേരിൽ സാധനം ഡെലിവറി ചെയ്തതായുള്ള സന്ദേശം ലഭിച്ചു. എന്നാൽ സാധനം കിട്ടാതെ ഡെലിവറി ചെയ്‌തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടർ സന്ദേശത്തിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചു. കമ്പനിയുടെ കസ്റ്റമർകെയർ എക്‌സിക്യൂട്ടിവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി.
തുടർന്ന് കസ്റ്റമർകെയർ എക്‌സിക്യൂട്ടിവെന്ന പേരിൽ ഒരാൾ പരാതിക്കാരിയെ വിളിച്ചു. ഓർഡർ പിടിച്ചുവെച്ചിരിക്കുകയാണെന്നും രണ്ടുരൂപ കൂടി അടയ്‌ക്കണമെന്നുമായിരുന്നു ഇയാളുടെ നിർദേശം. ഇതിനായി ബാങ്ക് വിവരങ്ങൾ കൈമാറാനായി ഒരു ലിങ്കും അയച്ചുനൽകി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ മൊബൈലിൽ ഒരു ആപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി ഡൗൺലോഡായി.
ദിവസങ്ങൾക്ക് ശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചതായി ഡോക്ടർ പറഞ്ഞു. ഒരുതവണ 95,000 രൂപയയും പിന്നാലെ 5000 രൂപയുമാണ് അക്കൗണ്ടിൽനിന്ന് പിൻവലിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. വനിതാ ഡോക്ടറുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.