നടി തൃഷയ്‌ക്കെതിരെ മൻസുർ അലി ഖാൻ നടത്തിയസ്ത്രീവിരുദ്ധ പരാമർശം ചർച്ചയായതിന് പിന്നാലെ നടി മഡോണയെ കുറിച്ചും മൻസൂർ അലി പറഞ്ഞ വാക്കുകൾ വിവാദമാകുകയാണ്. ലിയോ സിനിമയുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മഡോണയെ കുറിച്ചും മൻസൂർ മോശമായി സംസാരിച്ചത്.
സിനിമയിൽ അഭിനയിച്ച തൃഷ, അർജുൻ, മഡോണ എന്നിവരെ കുറിച്ച് വേദിയിൽ സംസാരിക്കുകയായിരുന്നു മൻസൂർ അലി. ‘അർജുനൊപ്പം ആക്ഷൻ രംഗങ്ങൾ ചെയ്യാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അത്തരം സീനൊന്നും കിട്ടിയില്ല. അദ്ദേഹത്തോടൊപ്പം ആക്ഷൻ രംഗങ്ങൾ ചെയ്താൽ പിന്നെ കുറച്ച് ദിവസത്തേക്ക് ശരീരം വേദനയാകും. തൃഷയോടൊപ്പം അഭിനയിക്കാൻ സാധിച്ചില്ല. തൃഷയെ ഫ്‌ളൈറ്റിൽ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരികെ കൊണ്ട് പോയി. അതും വിചാരിച്ചത് കിട്ടിയില്ല. പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റിലേക്ക് വന്നപ്പോൾ വളരെ സന്തോഷമായി. പക്ഷേ അത് സഹോദരീ കഥാപാത്രമായിരുന്നുവെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.
ദേശീയ വനിതാ കമ്മീഷൻ അംഗം ഖുഷ്ബു സുന്ദർ ഉൾപ്പെടെ നിരവധി പേരാണ് മൻസൂർ അലിയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മൻസൂർ അലിയ്‌ക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.















