എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റിൻ രാജിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റംപത്രം സമർപ്പിക്കുന്നത്. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
സെപ്റ്റംബർ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലുവ എടയപ്പുറത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന ഇതരസംസ്ഥാനക്കാരിയായ കുട്ടിയെ എടുത്ത് കൊണ്ട് പോയി പീഡനത്തിന് ഇരയക്കാകുകയായിരുന്നു. പുലർച്ചയോടെ വീട്ടിൽ കടന്ന പ്രതി കുട്ടിയെ എടുത്ത് പാടത്ത് എത്തിച്ചാണ് ഉപദ്രവിച്ചത്.
കുട്ടിയുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ തിരഞ്ഞ് ഇറങ്ങിയതോടെ ക്രിസ്റ്റിൻ രാജ് ഓടി രക്ഷപ്പെട്ടു. സംഭവം നടന്ന് അന്ന് വൈകിട്ട് തന്നെ പ്രതിയെ പിടികൂടി. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും പെരുമ്പാവൂരിൽ ഒരു പോക്‌സോ കേസിലും വയോധികയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റിൻ രാജ് പ്രതിയാണെന്നും പോലീസ് പറയുന്നു.















