ചെന്നൈ: തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടുനൽകിയത്. വൈകിട്ട് 5 മണിക്ക് കോയമ്പത്തൂരിൽ നിന്നും സർവീസ് നടത്തുമെന്ന് ബസ് ഉടമ പറഞ്ഞു.
ഇക്കഴിഞ്ഞ 19-നാണ് നിയമലംഘനം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ നേരിട്ടെത്തിയാണ് ബസ് പിടിച്ചെടുത്തത്. ബസിന്റെ ഒറിജിനൽ രേഖകൾ പരിശോധിച്ച ശേഷം ബസ് ഗാന്ധിപുരം ഓഫീസിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഞാറാഴ്‌ച്ച പിടികൂടിയ ബസ് മൂന്ന് ദിവസത്തിന് ശേഷം വിട്ടു നൽകുമെന്നും തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് പറഞ്ഞിരുന്നു. രേഖകൾ പരിശോധിച്ച ശേഷം പതിനായിരം രൂപ പിഴ ഈടാക്കിയാണ് ഇപ്പോൾ ബസ് വിട്ടു നൽകിയിരിക്കുന്നത്.















